അഹമ്മദാബാദിലെ സുആ പംഗ് ചാലിയിലെ ഗാർമ്മെന്റ്സ് പ്രൊഡക്ഷനിൽ ആയിരുന്നു ജോലി, ദീവാലി സീസൺ തിരക്കുകൾ അവസാനിച്ചിരിക്കുന്നു..!
കാരിഗർ എല്ലാവരും അവധി ആഘോഷിക്കാൻ വീടുകളിലേക്ക് പോയി...!
റൂമിലിനി തനിച്ചായിരിക്കും...!
ഈ അവധിക്ക് നാട്ടിലേക്കല്ല, രാജ് കോട്ടിന് പോവണം മസാല സർബ്ബത്തും, വഴി വാണിഭ രുചികളും ആയി ഒരു ഊര് കറക്കം...!
ഏറെ വൈകിയാണ് താമസ സ്ഥലത്തെത്തിയത്...!
തപാൽ വന്നത് മേശമേലിട്ടിട്ടുണ്ട്,
വടിവൊത്ത് ഉരുട്ടി അവൾ എഴുതിയ കയ്യക്ഷരങ്ങളിൽ കണ്ണുടക്കി നിന്നു,
വിരഹാഗ്നിയുടെ താപ വചനങ്ങൾ വായിച്ച് നേരെ പോയി ടെറസ്സിലേക്ക് , ഇരുട്ടത്ത് നക്ഷത്ര വെളിച്ചങ്ങൾ മിന്നുന്നതും നോക്കി കിടന്നു...!
“ ഒന്ന് വന്നൂടെ.... കാണാൻ തോന്നുന്നു..."
ശ്വാസം മുട്ടുന്ന കത്തിലെ നെടുവീർപ്പുകൾ..!
മഴ നനഞ്ഞ് പനിച്ച് കിടന്നൊരു വർഷ കാലത്ത് അവൾ ചോദിച്ചു
മഴ യെ അത്രക്ക് ഇഷ്ട്ടാണോ...?
ഹൂം ... പതിയെ ഞാൻ മൂളും ...!
ശരിക്കും...?
അതേ ലോ, എനിക്കിങ്ങനെ ചേർന്ന് നടന്ന് മഴ നനയണം, നീയും, ഞാനും മാത്രമുള്ള മഴ കാലങ്ങളിൽ ....!!
വട്ടാ ല്ലേ..? കുസൃതിയോടെ കണ്ണിറുക്കി ചോദിക്കും..!
താഴെ വീടുകളിൽ കുട്ടികളുടെ ബഹളങ്ങൾ കേൾക്കാനുണ്ട്,
ഇരുട്ടിനെ കീറി ദീവാലി പടക്കങ്ങളുടെ വർണ്ണ കാഴ്ച്ചകൾ...!
പ്രണയ നൂലാൽ നെയ്ത ഊർവ്വരതകളുമായ് സ്വപ്നങ്ങളുടെ തീരത്തണയണം....!
വിരല് മുറിഞ്ഞ് വാർന്ന ചോര കൊണ്ടെഴുതിയ പ്രണയാക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് രാവുറങ്ങണം...!
മുനിഞ്ഞ് കത്തുന്ന മൺ ചിരാതിന്റെ മങ്ങിയ നിറത്തിൽ കണ്ണിമ അടയാതെ മിഴി നീർ പൊഴിച്ച്,
ഇനിയും ഓർമ്മകളിൽ സാന്ദ്രമായ ഈ മഴ കാലങ്ങൾ എത്ര താണ്ടണം...!
No comments:
Post a Comment