Sunday, November 18, 2018

ഓർമ്മയിലെ കാൽ പന്ത് കളിയഴകുകൾ

ഫുട്ബോൾ കളിയെ ഇഷ്ട പെടാൻ തുടങ്ങിയത്‌ എന്നായിരുന്നു...? ഓർമ്മയില്ലാ...!

അനാദി കാലം തൊട്ട്‌, ജീവിത പടവുകളിൽ ഓരോന്നിലും കാൽ പന്ത്‌ കളിയുടെ അഭിനിവേശം സിരകളിലുണ്ടായിരുന്നു...!

നബീൽ ന്റെ കുഞ്ഞിപ്പ ഷംസുക്ക ഓരോ വേനലവധിയിലും കളിക്കാനായുള്ള തുകൽ പന്തും വാങ്ങി വരും, വിലയിടാനാവാത്ത കളി സമ്മാനം....!

പറംബിലും , പാടത്തും പിന്നെ കളി ചൂടിൻറെ ഉത്സവകാലങ്ങളാണ് ...!

എത്ര തുന്നൽ വിട്ടാലും പിന്നെയും തുന്നി തുന്നി മറ്റൊരവധി കാലത്തെ കാത്തിരുന്ന ബാല്ല്യം...!

ഇന്നും, വെള്ളിയാഴ്ച്ചക്കും മറ്റ്‌ അവധികൾക്ക്‌ വേണ്ടിയും  തുടരുന്നു കാൽ പന്ത്‌ കളിയുടെ കാൽപനീക കാത്തിരിപ്പുകൾ...!

കളി ചിരിയുടെ കൗമാര കാലത്ത്‌ സൗഹൃദവും സ്നേഹവും പിരിഞ്ഞ്‌ സങ്കടത്തിന്റെ പ്രവാസ മഴ നനഞ്ഞവനാണ്‌ ഞാൻ,

പണ്ട് പാടത്തും പറംബിലും ഇട്ടേച്ച്‌ പോന്ന ഇന്നലെകളെ മുറുകെ പിടിക്കുവാനുള്ള ശ്രമങ്ങളെ സഹായിച്ചത് ഈ കളിയിലെ കുടലിലും ചേരലിലും ആണ്...!

ദേശങ്ങൾക്കും വാസങ്ങൾക്കും അപ്പുറം ഈ പ്രവാസ ലോകത്ത് ഒരിക്കലും കണ്ട്‌ മുട്ടുക പോലും ഇല്ലാത്ത ഒരു പിടി സൗഹൃദ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാനായതിനും അവരുടെ സ്നേഹ സൗഹൃദങ്ങൾ ഇന്നും നില നിർത്താനായതും ഈ ഖൽബിലെ കാൽ പന്ത് കളിയാണ്...!

എന്റെ പ്രവാസ "വർഷ"ങ്ങളിലെ ഏറ്റവും സമ്മോഹനമായ എത്രയെത്ര നാളുകൾ നിങ്ങൾ
എഴുതി ചേർത്തിരിക്കുന്നു നിങ്ങൾ എനിക്ക് സമ്മാനിച്ച സൗഹൃദ ബന്ധങ്ങളുടെ അഗാധതയെ  ഏറെ അഭിമാനത്തോടെ കരുതലോടെ നെഞ്ചോട് ചേർക്കുന്നു...!

ഞാൻ അത്രമേൽ സ്നേഹത്തോടെ ഓടി തളർന്ന കാറ്റ് നിറച്ച തുകൽ പന്തിന്റെ നിറവാർന്ന നാളുകൾ എന്നെ മോഹിപ്പിക്കുന്നുണ്ട് മറ്റൊരു ബാല്യത്തിത്തിലേക്ക് തിരിച്ചു പോക്കില്ലെന്ന് അറിയുമ്പോഴും....!  

Tuesday, October 23, 2018

പനിച്ചൂടുകൾ

ചെറിയ ചാറ്റൽ മഴയേ കാണൂ കുട എടുക്കാതെ ഒറ്റ പോക്കാ, പെരും മഴ നനഞ്ഞ്‌ വീട്ടിൽ എത്തുമ്പോൾ
ടവലെടുത്ത്‌ തല തോർത്തി തരും

പനി പിടിക്കും മോനെ ശരിക്കും തോർത്തിക്കോ...!

ഹേയ്‌ പനി പരത്തുന്നത്‌ രോഗാണുക്കൾ ആണുമ്മാ...മഴയേ അല്ലാ..
എന്റെ തർക്കുത്തരം ഉടൻ വരും....!

നാലഞ്ചീസം പനി പിടിച്ച്‌ കിടപ്പിലായി എഴുന്നേറ്റാൽ കുടയെടുത്ത്‌ മാത്രം മഴയോടൊത്ത്‌ നടക്കാനിറങ്ങും....

ക്ഷുബ്ധമായ ഓരോ മഴകാലത്തും പനിച്ചൂട്‌ എന്നെ തേടി വന്ന് മടങ്ങാറുണ്ട്‌...!

സൗഹൃദങ്ങളിലേക്ക് ഒരു ദേശാടനം

നാട്ടിൽ അവധിക്ക് വന്ന  നോമ്പ് കാലം..  പൊന്നാനി MES ലെ കൂട്ടുകാരെ വർഷങ്ങൾക്ക് ഇപ്പുറം ഒരിക്കലൂടെ കാണുവാൻ ആഗ്രഹിച്ചു ..!

ഒരാളുടെ പോലും ഫോൺ നമ്പർ ഇല്ല...പേര് ഓർമ ഉള്ളവരുടെ ഓർമ്മയിൽ ഞാനുണ്ടോ എന്നും അറിയില്ല...


പ്രീ ഡിഗ്രി ക്ക് ശേഷം ഒപ്പം പഠിച്ചിരുന്ന ഉണ്ണിക്ക് കത്തുകൾ എഴുതാറുണ്ടായിരുന്നു.. അതും നിന്നിട്ട് കാലം  എത്രയോ കറങ്ങി തിരിഞ്ഞു.... ഡിഗ്രി  ആവുമ്പോഴേക്കും തന്നെ അത്തറിന്റെ സുഗന്ധം വീശുന്ന കുപ്പായോം, വിലയുള്ള വാച്ചും കെട്ടി ഞെളിഞ്ഞു നടക്കുന്ന ടിപ്പിക്കൽ ഗൾഫുകാരൻ എന്നത് പകലും രാവും ഞാൻ കണ്ട കിനാവായിരുന്നു......!



അങ്ങിനെ 97 ജനുവരിയിലെ നല്ല തണുപ്പുള്ള മഞ്ഞു കാലത്ത് സ്വപ്‌നങ്ങളുടെയും  മോഹങ്ങളുടേയും ഭാണ്ഡവും തൂക്കി ഞാനും പ്രവാസത്തിന് ഹരിശ്രീ കുറിച്ചു.....!

പേടിച്ച് വിറച്ച് ഒരു സ്വപ്നാടനം പോലെ ആദ്യത്തെ ആകാശ യാത്ര....!
പുറത്തേക്ക് നോക്കിയാൽ പഞ്ഞി മേഘ കെട്ടുകൾ പുറകിലേക്ക് പായുന്നത് കാണാം....!

മലയാളം അല്ലാതെ ഒരു ഭാഷേം വശമില്ലാത്ത ലിറ്റിൽ ഇംഗ്ലീഷ് മാത്രം അറിയുന്ന നാളുകൾ ഫോർമാൻ ക്രൂരനായ വില്ലൻ ആയിട്ട് എന്നേം, എന്റെ വിദ്യാഭ്യാസത്തെം പരിഹസിക്കും, പുറത്ത് വരാതെ ഒരായിരം ഇങ്കിലാബുകൾ  മനസ്സിനുള്ളിൽ മുഷ്ട്ടി ചുരുട്ടി വിളിച്ച് സമാധാനിക്കും...! നാല് വാചകം ഇംഗ്ലീഷ് നേരാം വണ്ണം പറയാനറിയാത്തവന്റെ അപകർഷത ശരിക്കും മനസ്സിനെ മിഥിച്ചിരുന്നു...! ഡ്രാമ ക്ലാസിൽ ഇരുന്നു വിസിൽ അടിച്ചതും അദ്ധ്യാപകനെ പരിഹസിച്ചതും കാമ്പസിൽന്ന് പുറത്താക്കി വിലക്ക്
പ്രഖ്യാപിച്ചതൊക്കെ മനസ്സിൽ തെളിയും...! 

പുറത്ത് പോയാലും ഹാജർ തരുന്ന ആ സാറും ശപിച്ചിരിക്കണം..!

അല്ലെങ്കിലും ക്ലാസ്സിൽ വന്നിരുന്ന് ഗാനമേള അല്ലേ  നടത്തിയിരുന്നത്, ഒറ്റ പുസ്തകം കക്ഷത്തിൽ വെച്ച് മുണ്ട് മടക്കി കുത്തി ഓക്സിജെൻ വിടാതെ ഉള്ള നടത്തം...!

സകല പാർട്ടികളുടേം സമരത്തിന് തൊണ്ട പൊട്ടിച്ച അലറുകൾ, ജുനിയെർസ് നെ റാഗ് ചെയ്ത് സമയം പോക്കിയ ദിനങ്ങൾ, ഒറ്റയ്ക്ക് നിന്നാൽ ഒരു ഊത്തിന് ഇല്ലാത്തവന്റെ തോന്നിവാസങ്ങൾ നിറഞ്ഞ ഇരുണ്ട കാലം, ചിലതൊക്കെ  രസവും, നൊമ്പരവും കലർന്ന് ഓർമകളെ തീ പിടിപ്പിക്കും...!

പ്രീ ഡിഗ്രിയുടെ സംഭാവന ആയിരുന്നു നാലാള് കൂടുമ്പോൾ മാത്രം കിട്ടുന്ന ധൈര്യം...!


കഷ്ട്ട പാടുകൾ വിരുന്നു വന്നാൽ, മനുഷ്യൻ പോയ കാലത്തേക്ക് ഒരു തിരിഞ്ഞ് നോട്ടം ഉണ്ട്...പിന്നിട്ട കാലങ്ങളിലെ കർമ്മ ദോഷം ആണോ പിന്തുടരുന്നത് എന്നോർത്ത് ഏതോ വിശ്വാസത്തിന്റെം അന്ധവിശ്വാസത്തിന്റെം ഇടയിൽ മുൻ കാല തെറ്റുകളെ സ്വയം ശപിച്ച് ഉരുകും....ചോദ്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കിട്ടാതെ അലയും.. പ്രവാസം തീർത്ത പ്രയാസ തീരങ്ങൾ കഠിനമായ നെട്ടോട്ടങ്ങളുടേതായിരുന്നു...! 


അതിനിടക്ക് കൊഴിഞ്ഞു വീണ നാളുകളിലെ ബന്ധങ്ങൾ അറ്റ് പോയിരുന്നു പലതും.... പ്രവാസത്തിന്റെ ആദ്യ കാല ദുരിതങ്ങൾ എഴുതാനുള്ള   ഭാഷയും മഷിയും എനിക്കില്ല ...!

എന്നോ കത്തുകൾക്ക് പുറമേ കറുത്ത മഷി കൊണ്ട് എഴുതിയ വിലാസം Unni Krishnan C, chirakkal House, Koorada, ayankalam, thavanoor. വർഷങ്ങൾക്കിപ്പുറം പൊടി തട്ടി മനസ്സിലൂടെ പാഞ്ഞത് കൊണ്ട് മാത്രം ആണ് ഉണ്ണിയെ തേടി പോവാൻ തീരുമാനിച്ചത്...! ലക്‌ഷ്യം ഉണ്ണി യെ കാണുക എന്നതാണെങ്കിലും എങ്ങിനെ കണ്ടെത്തും എന്ന് ഒരെത്തും പിടിയും ഇല്ലായിരുന്നു..!

ലാസ്റ്റ് ബെഞ്ചിലിരുന്നു ടസ്ക്കിൽ താളം ഇട്ട് മനോഹരങ്ങളായ പാട്ടുകൾ പാടാറുണ്ടായിരുന്ന ഉണ്ണി.....ഇഷ്ട്ടിക ഹൗസും, കോണി പടികളിലും  ലൈബ്രറിയിലും ഇട നാഴികളിലും ഒപ്പം നടന്ന കൗമാര കൗതുക കാമ്പസ് ദിനങ്ങൾ...!


പൂത്തുലഞ്ഞ മര തണലിൽ ഇരുന്ന് പ്രണയ വിരഹങ്ങൾ പാടും അവൻ...!


മെലിഞ്ഞ ചുരുണ്ട മുടിയൊക്കെ ഉള്ള  പ്രകൃതക്കാരൻ അതാണോർമ്മകളിലെ ഉണ്ണി..!


ചോദിച്ചറിഞ്ഞു അവസാനം ഉണ്ണിയുടെ വീട് കണ്ടു ഉണ്ണിയേം....


ഈർക്കില് പോലിരുന്ന ചെക്കന് വന്ന പരിണാമം...തടിച്ച് വീർത്തിരിക്കുന്നു... അവനെന്നെ പെട്ടെന്ന് മനസ്സിലായില്ല...! 


കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് ഒരിക്കൽ വരും, എന്ന് പറഞ്ഞു പോയതാ... ഞാൻ ആയിരുന്നല്ലോ എല്ലാം വിട്ടെറിഞ്  അപ്രത്യക്ഷനായത്...!


ഉണ്ണി ഞാൻ നിന്നെ കാണാൻ മാത്രം ആയിട്ട് വന്നതാടാ എന്ന് പറഞ്ഞിട്ടും വിശ്വാസം വരണില്ലവന്....! 


മനസ്സില് വന്ന വിശേഷങ്ങളും കഥകളും  പറഞ്ഞ് ആ ഉമ്മറ തിണ്ണയിൽ ഒരു പാട് നേരമിരുന്നു...! മനസ്സിൽ തെളിഞ്ഞ എല്ലാ മുഖങ്ങളേം അന്വേഷിച്ചു കഴിഞ്ഞ കാലങ്ങൾ നല്കിയ മധുരമുള്ളതും കയ്‌പ്പേറിയതും പങ്കിട്ടു...!


സൗഹൃദം എക്കാലവും തീഷ്ണവും മുർത്തവുമായ  ഹൃദയ വികാരങ്ങളുടെ അനുഭൂതിയാണ്...!

ആഴത്തിൽ വേരുറച്ച സൗഹൃദത്തിന്റെ കാമ്പ് തേടിയുള്ള എന്റെ ഹൃദയ ബന്ധങ്ങളെ തിരിച്ചെടുക്കാനുള്ളതായിരുന്നു ആ യാത്ര... !


എന്നും ഓർക്കാനും ഓമനിക്കാനും എല്ലാരുടെം മനസ്സിൽ ഒരു കാലം കൂട് കൂട്ടിയീട്ടുണ്ടാവും എനിക്ക് ആ സുവർണ്ണ സമയങ്ങൾക്ക് പേര് പ്രീ ഡിഗ്രി എന്നല്ലാതെ മറിച്ച്  ആലോചിക്കാനില്ല...! 


ഇനീം പുതുക്കാൻ പരിചയം ബാക്കി ഉള്ള ഒരു പിടി കാമ്പസ് നിറ സാന്നിദ്ധ്യങ്ങളെ വീണ്ടും  പ്രകാശിപ്പിച്ച് തരുവാൻ, സ്നേഹത്തിന്റെ , സൗഹൃദത്തിന്റെ പഴക്കം ഉള്ള മറിഞ്ഞ് പോയ  ഒരു ഇതൾ ഓർമ്മിപ്പിച്ച് തരുവാൻ,  ഉണ്ണിയെ തേടിയുള്ള യാത്ര ഒരു നിമിത്തവും നിയോഗവും ആവുകയായിരുന്നു...!


മനസ്സ് നിറഞ്ഞാണ് അവിടെന്ന് പോന്നത്...കണ്ണും മനസ്സും നിറഞ്ഞു പിരിയുമ്പോഴും മനസ്സിന്റെ അടുപ്പാടാ നിന്നെ ഇങ്ങൊട്ടെത്തിച്ചെത് എന്ന അവന്റെ വാക്കുകൾ എന്റെ കു‌ടെ പോന്നു...!


ഒരു മഴ തോരാത്ത അവധിക്ക് ഇനീം പോവണം കുന്നും കാടും കാവും സർപ്പങ്ങളും ഉള്ള അവന്റെ വീട്ടിലേക്ക്....!  

Monday, October 22, 2018

ഉമ്മയുടെ വീട്

സുഖവും ദുഖവും തൂവിതറിയ ഒരവധികാലം കഴിഞ്ഞിരിക്കുന്നു....!

തോരാ മഴകൾ പെയ്ത് ഉതിർന്ന‌‌ തണുത്ത കാലത്ത് ഞങ്ങളും വീടൊഴിഞ്ഞ്‌

പുതിയ വാസം തുടങ്ങിയിരിക്കുന്നു....!

പഴയ വീട്ടിൽ ന്ന് മാറുംബോൾ

വിഷമം ഒക്കെ വരും, ഉള്ള്‌ പിടയും,

മധുരിച്ചും, കയ്പ്പിച്ചും,

ഓർമ്മകളിൽ ഉപ്പ, ഉമ്മ, സഹോദരങ്ങൾ അവരോടൊത്ത്‌ കഴിഞ്ഞ കാലങ്ങൾ ഇങ്ങനെ തികട്ടും....!

സ്നേഹിച്ചും, ഒരുമിച്ച്‌ ജീവിച്ചും കൊതി തീരാതെ‌,

ആദ്യം ഉപ്പയാ പോയത്‌...!

പിറകെ ഉമ്മയും...! 

ഞാൻ വീട്‌ വെക്കണം എന്ന് ഏറ്റവും ആഗ്രഹിച്ചത്‌ ഉമ്മയാണ്‌...!

എന്റെ ഉള്ളിൽ അപ്പോഴും വീട്‌ അലസമായ, തണുത്ത ചിന്തയായിരുന്നു....!

ഉമ്മ തീരെ വയ്യാതായപ്പോൾ പറഞ്ഞു,

ഇനി എനിക്ക്‌ ഹജ്ജിന്‌ പോലും പോവാൻ ആവില്ലല്ലോ...?

നീ ഒന്ന് വീട്‌ വെച്ച്‌ കാണണം,
ഒരുമിച്ച്‌ താമസിക്കണം...!

വീടിന്‌ തറയൊക്കെ ഉണ്ടാക്കിയത്‌‌ കണ്ടു പിന്നെ കൂടുതലൊന്നും കാത്ത്‌ നിൽക്കാതെ ഉമ്മ പോയി...!

വീട്‌ താമസിക്കുംബോൾ ഉമ്മ നീറുന്ന
നൊംബരമായി ഓരോ ഇടത്തും എന്റെ കൈ പിടിച്ച്‌ നടന്നു...!

ഒരുമിച്ച്‌ താമസിച്ച ഇടം‌ ഒഴിഞ്ഞ്‌‌ പോവുംബോഴും നഷ്ടപെടുംബോഴും ഒക്കെയാ എത്രമേൽ പ്രിയപെട്ടതായിരുന്നു അവിടം,

എത്രമേൽ ആസ്വാദ്യകരമായിരുന്നു കാലം
എന്ന് തിരിച്ചറിയുന്നത്‌‌.....!

മഴ ചാറലുകൾ

അഹമ്മദാബാദിലെ സുആ പംഗ്‌ ചാലിയിലെ ഗാർമ്മെന്റ്സ്‌ പ്രൊഡക്ഷനിൽ ആയിരുന്നു ജോലി, ദീവാലി സീസൺ തിരക്കുകൾ അവസാനിച്ചിരിക്കുന്നു..!

കാരിഗർ എല്ലാവരും അവധി ആഘോഷിക്കാൻ വീടുകളിലേക്ക്‌ പോയി...!

റൂമിലിനി തനിച്ചായിരിക്കും...!‌

ഈ അവധിക്ക്‌ നാട്ടിലേക്കല്ല, രാജ്‌ കോട്ടിന്‌ പോവണം മസാല സർബ്ബത്തും, വഴി വാണിഭ രുചികളും ആയി ഒരു ഊര്‌ കറക്കം...!

ഏറെ വൈകിയാണ്‌ താമസ സ്ഥലത്തെത്തിയത്‌...!

തപാൽ വന്നത്‌ മേശമേലിട്ടിട്ടുണ്ട്‌‌, 

വടിവൊത്ത് ഉരുട്ടി അവൾ എഴുതിയ കയ്യക്ഷരങ്ങളിൽ കണ്ണുടക്കി നിന്നു, 

വിരഹാഗ്നിയുടെ താപ വചനങ്ങൾ വായിച്ച്‌ നേരെ പോയി‌ ടെറസ്സിലേക്ക് , ഇരുട്ടത്ത്‌ നക്ഷത്ര വെളിച്ചങ്ങൾ മിന്നുന്നതും നോക്കി കിടന്നു‌...!

“ ഒന്ന്  വന്നൂടെ.... കാണാൻ തോന്നുന്നു..."  

ശ്വാസം മുട്ടുന്ന കത്തിലെ  നെടുവീർപ്പുകൾ..!

മഴ നനഞ്ഞ്‌ പനിച്ച്‌ കിടന്നൊരു വർഷ കാലത്ത്‌ അവൾ ചോദിച്ചു

മഴ യെ അത്രക്ക് ഇഷ്ട്ടാണോ...? 

ഹൂം ... പതിയെ ഞാൻ മൂളും ...!

ശരിക്കും...?

അതേ ലോ, എനിക്കിങ്ങനെ ചേർന്ന് നടന്ന് മഴ നനയണം, നീയും, ഞാനും  മാത്രമുള്ള മഴ കാലങ്ങളിൽ ....!!

വട്ടാ ല്ലേ..? കുസൃതിയോടെ കണ്ണിറുക്കി ചോദിക്കും..!

താഴെ വീടുകളിൽ കുട്ടികളുടെ ബഹളങ്ങൾ കേൾക്കാനുണ്ട്‌‌, 

ഇരുട്ടിനെ കീറി ദീവാലി പടക്കങ്ങളുടെ വർണ്ണ കാഴ്ച്ചകൾ...!

പ്രണയ നൂലാൽ‌ നെയ്ത ഊർവ്വരതകളുമായ്‌‌ സ്വപ്നങ്ങളുടെ തീരത്തണയണം....!

വിരല് ‌മുറിഞ്ഞ്‌  വാർന്ന ചോര കൊണ്ടെഴുതിയ പ്രണയാക്ഷരങ്ങളെ നെഞ്ചോട്‌ ചേർത്ത് രാവുറങ്ങണം‌...!

മുനിഞ്ഞ്‌ കത്തുന്ന മൺ ചിരാതിന്റെ മങ്ങിയ നിറത്തിൽ കണ്ണിമ അടയാതെ മിഴി നീർ പൊഴിച്ച്‌,

 ഇനിയും ഓർമ്മകളിൽ  സാന്ദ്രമായ ഈ മഴ കാലങ്ങൾ എത്ര താണ്ടണം...!

ഓർമ്മയിലെ കാൽ പന്ത് കളിയഴകുകൾ

ഫുട്ബോൾ കളിയെ ഇഷ്ട പെടാൻ തുടങ്ങിയത്‌ എന്നായിരുന്നു...? ഓർമ്മയില്ലാ ...! അനാദി കാലം തൊട്ട്‌, ജീവിത പടവുകളിൽ ഓരോന്നിലും കാൽ പന്ത്‌ കളിയു...